Tuesday, 7 July 2009

ഈ ഖത്തറിന്‍ ‍മരുഭൂമിയില്‍

പൊള്ളുന്ന മണലുള്ള മരുഭൂമിയില്‍

വന്നെത്തി ഞങ്ങളന്നാദ്യമായി
തീ പോലെ പൊള്ളും വെളിയിലെല്ലാം
മേയുന്നിതല്ലോ ഒട്ടകങ്ങള്‍

പുതുതായ മൊബൈല്‍ ചെവിയില്‍ വെച്ച്
ഗമയോടെ ലാന്‍ഡ്‌ക്രൂസറില്‍ പറക്കും
തുടുപ്പിച്ച കവിളുള്ള സുന്ദരന്മാര്‍
ആര്‍ത്തുല്ലസിക്കുന്ന കാഴ്ച കാണാം

നീണ്ടുള്ള തൂവെള്ള കുപ്പായവും
തലയില്‍ വിരിക്കുന്ന തൂവാലയും
തൂവാല പാറാതിരിക്കുവാനായ്‌
കുഞ്ചലം പോലുള്ളിരുണ്ട ചരടും

ഏഴുണ്ടഴക് കറുപ്പിനത്രേ
കണ്‍കളിന്നാഴമോ സുറുമയാലെ
കറുപ്പിന്‍ തുണിയാല്‍ മുഖം മറക്കും
തരുണീ മണികളുമുണ്ടിവിടെ
മണല്‍‍ക്കൂനയില്‍ ‍തന്‍ കസര്‍ത്ത് കാട്ടും
ചങ്കൂറ്റമേറും കിടാങ്ങളുണ്ട്
ഹെന്നയാല്‍ കയ്യിന്‍ അഴകു കൂട്ടും
കലാപ്രതിഭയുമുണ്ടിവിടെ

മുഴുങ്ങും നിസ്ക്കാര വിളികളുണ്ട്‌
ഈന്തപ്പനകളിന്‍ നിരകളുണ്ട്
അംബരം ചുംബിക്കുമാറുയര്‍ന്ന
കെട്ടിടക്കൂട്ടവുമുണ്ടിവിടെ

കടലിന്ടെ ഭംഗി മെനഞ്ഞെടുക്കാന്‍
കരിങ്കല്‍ പതിച്ച കോര്‍നീഷുമുണ്ട്
ആകാരഭംഗി മെനഞ്ഞെടുക്കാന്‍
നെട്ടോട്ടമോടുന്നു നാമെല്ലാരും
@@@@@@@

Read more...

Sunday, 5 July 2009


പിറന്നാള്‍ മഹത്ത്വം

പിറന്നാള്‍ ദിവസങ്ങളോടി അകന്നിടുമ്പോള്‍
ഓര്‍ക്കുകയില്ല നമ്മള്‍
പിറന്നാല്‍ പിരിയുന്നൊരു നാള്‍ വന്നിടുമെന്ന
ഞടുക്കും വസ്തുതയും
തുറന്നാല്‍ അടയുന്നൊരു ഗ്രന്‍ധമീ ജീവിത-
മെന്നത്‌ നിജമെന്നു
മറന്നാല്‍ ദിവസങ്ങളോടിയകലുന്നതു-
മറിയുകയില്ല നമ്മള്‍
ഉറങ്ങാതെ ദിനങ്ങളെണ്ണിക്കഴിയുന്നതു
വെറും വിഡ്ഢിത്തമെന്നാ-
ലുറങ്ങീട്ടു ദിനങ്ങള്‍ പാഴാക്കിടുന്നതിലും
മോശമെന്നതും നിജം
നുറുങ്ങായി മാത്രം ശേഷിക്കുന്നോരീ ജീവിത-
നാളുകളെത്ര വേഗം
കറങ്ങീട്ടു തീര്‍ക്കുവാനൊക്കുമെന്ന് നിനച്ചു
തിമിര്‍ക്കുക ലോകമൊട്ടും

അറുത്ത കൈകളിലുപ്പ് തേക്കാത്തവരുള്ള
യീ ലോകമെമ്പാടുമേ
കറുത്ത മുഖങ്ങളില്‍ ചായം തേച്ചു പിടിപ്പി-
ച്ചവരാണധികവും
ചെറുത്തു നിന്നു പയറ്റണം ജീവിതമാകും
മഹാ നദിക്കക്കരെ
മറുത്തു കടന്നൊരു പുതു ജീവിതമുണ്ടാ-
ക്കിയെടുത്തുയരുവാന്‍

നിറഞ്ഞ മനസ്സാലേവരെയും സ്വീകരിക്കാന്‍
സാധ്യമായാലവയെ
മുറിഞ്ഞു പോകാത്തൊരു ചങ്ങല പോലെയാക്കി
തീര്‍ക്കുമാറാക്കിടേണം
പറഞ്ഞു പോയിടും വാക്കുകളോരോന്നും കറ
തീര്‍ത്തു നല്‍കിടേണം
എറിഞ്ഞ അമ്പും പറഞ്ഞ വാക്കും തിരിച്ചെടു-
ക്കുവാനാവില്ല കഷ്ട്ടം

@@@@@@@

Read more...

Thursday, 2 July 2009


ഇനിയുമെന്‍ കുട്ടനുറങ്ങരുതോ?

അമ്പിളിമാമനോ മാനത്ത്തെത്തി
താരകള്‍ പൂത്തിരി കത്തി നിന്നു
തെന്നലും മന്ദമായ് വീശിയെത്തി
ഇനിയുമെന്തേ കുട്ടനുറങ്ങിയില്ല

ഇടനാഴികള്‍ താണ്ടി കൂരിരുട്ടില്‍
വാതിലിന്‍ പാളി തുറന്നു മെല്ലെ
പൊന്നനുജത്തിയുണ്ടായ ശേഷം
വാതിലിനപ്പുറം പോയതില്ല

വാവയെ വാരി പുണര്‍ന്നുറങ്ങും
അമ്മയെ കണ്ടതും കണ്‍ നിറഞ്ഞു
അമ്മൂമ്മ തന്‍ കൂടെ ശയിച്ചിടാനായ്
കര്‍ശനത്താലെന്നെ അയച്ചതെന്തെ

കണ്‍പോള പാതി അടച്ചു വെച്ച്
തുടുത്ത കൈമൊട്ടു ചുരുട്ടി വെച്ച്
ചെംചൊടികളിണയില്‍ ചിരിയുമായി
പൊന്നനുജത്തിയുറങ്ങിടുന്നു

ദേവിമാര്‍ വന്നു രസം പറഞ്ഞോ
കണ്ടുവോ സ്വപ്നത്തിലീയേട്ടനെ
പഞ്ഞിപോല്‍ മൃദുലമാം കൈകളില്‍ ഞാന്‍
മതിവരോളം നല്‍കി പൊന്നുമ്മകള്‍

സ്വപ്നത്തിന്‍ വിഘനം വന്നിടാതെ
നല്‍കി ഞാനെന്‍ വിരലാ കൈകളില്‍
മുറുകെ പിടിച്ചവളെന്‍ വിരലില്‍
പോകരുതെന്‍ ചെട്ടനെന്ന മട്ടില്‍

ഒരു നോക്ക് നോക്കി തന്ന‍ച്ഛനെ ഞാന്‍
പ്രഹരം ഭയന്നുടന്‍ കൈ വലിച്ചു
അച്ഛന്ടെ കൈമേല്‍ തലയും ചയ്ചി-
ട്ടെന്നെയും കൂട്ടാതുറങ്ങുന്നമ്മ

അച്ചനുമമ്മയുമൊത്തുറങ്ങാന്‍
ഏറെയുണ്ടായെനിക്കാശയപ്പോള്‍
എന്തു ചെയ്യേണ്ടുയീ കുഞ്ഞു മോളെ
ചിന്തകള്‍ പാറിപ്പറന്നിടുന്നു

പിഞ്ചുകാല്‍ വേഗത്തില്‍ നീട്ടി വെച്ചു
യാത്രയെങ്ങോട്ടെന്നറിയില്ലിപ്പോള്‍
വാതിലിന്‍ സാക്ഷയെടുത്തു മാറ്റി
ഇരുളിന്റെ ലോകത്ത് താന്‍ മാത്രമായ്‌

അച്ഛന് ഞാനെന്നും ജീവനല്ലേ
അമ്മയെനിക്കുമ്മ തന്നതല്ലേ
കൊച്ചുപെങ്ങള്‍ക്കെന്നെയിഷ്ട്ടമല്ലേ
പിരിയുന്നതെന്തിനെന്നുറ്റവരെ

അമ്മതന്‍ വിളികേട്ടു കണ്‍തുറന്നു
അച്ഛന്ടെ കൈക്കുള്ളിലെങ്ങനെ ഞാന്‍
മുറിയിലെന്‍ അച്ഛനും ഞാനും മാത്രം
കണ്ടതെല്ലാം വെറും സ്വപ്നം മാത്രം

കണ്ണിണ പാതി തുറന്നുറങ്ങും
അമ്മതന്‍ ഉദരത്തില്‍ ദൃഷ്ട്ടി പാഞ്ഞു
വാവയുണ്ടത്രേ ഉദരത്തിനുള്ളില്‍
കണ്ണിണ പൂട്ടി ഞാന്‍ ജാള്യതയാല്‍

??????????

Read more...

Tuesday, 30 June 2009

വിഷുപ്പക്ഷിയുടെ വിത്തും കൈകോട്ടും

വിഷുപ്പക്ഷിയുടെ വിത്തും കൈകോട്ടും


സ്വര്‍ഗ്ഗ സദസ്സിലെ ഗായകനോ അതോ
ഇന്ദ്രസദസ്സിലെ ഗായികയോ
ശ്രവണ മാധുര്യമീ നാദമെങ്കിലും നിന്‍റെ
നാദത്തിന്‍ ഗമനം അജ്നാതമല്ലോ

സംഗീതം നിന്നുടെ ജന്മ സാഫല്യമോ
ചൊല്ലിത്തരുന്നത്‌ ആരെന്നു ചൊല്ലുമോ
മൂളുമോ ചെവിയിലായ്‌ ഒരു വട്ടമെങ്കിലും

വിഷുക്കൈ നീട്ടങ്ങള്‍ ആകട്ടെ ദക്ഷിണ



മഞ്ഞപ്പൂക്കളോടാണോ നിനക്കിഷ്ട്ടം
കൊന്നപ്പൂക്കള്‍ തന്‍ പന്തലുയര്‍ത്ത്തട്ടെ
പൂത്തിരി പ്രഭയാല്‍ ദീപം തെളിച്ചിടാം
പൊന്‍ വെള്ളരിക്കയാല്‍ വെച്ചിടാം പച്ചടി

കൂട് വിട്ടോടിയെന്‍ പൂമുഖത്തെത്തുമോ
പട്ടു വിരിപ്പ് വിരിച്ചെതിരേറ്റിടാം
യവനികക്കുള്ളിലായ്‌ മാര്‍ഗയുന്നതെന്തിനായ്‌
കാണട്ടെ നിന്നുടെ ദിവ്യമാം പൂമുഖം


എങ്ങുന്നു വന്നു നീ എങ്ങോട്ട് പോണു നീ
എന്തിനായ്‌ വന്നു ഈ വിത്തും കൈകോട്ടുമായ്
വിഷുവിന്ടെ നാളുകള്‍ വന്നു ചേരുന്നെന്ന്
ഓതുകയല്ലെയീ പക്ഷി തന്‍ കര്‍മ്മവും

@@@@@@@

Read more...

Sunday, 28 June 2009

ചങ്ങല
കെട്ടിയിട്ടതെന്തിനെന്നെ ചൊല്ലുമോയെന്‍ കൂട്ടരേ
കൂട്ടിലിട്ട പറവയെ പോല്‍ ‍ചിറകടിക്കുന്നെന്‍ ‍മനം
വട്ടമിട്ടു മുകളിലായ്‌പറക്കുമാ കഴുകനെ പോല്‍
കൂട്ടമിട്ടു വെളിയില്‍ ‍നിന്ന് ‌വീക്ഷിപ്പതെന്തിനായ്‌

പൊട്ടത്തരങ്ങളൊന്നും ചെയ്തതില്ല പിന്നെയെന്നെ
പൊട്ടനെന്ന് മുദ്ര കുത്തി കെട്ടിയിട്ടു മാതുലന്‍
വട്ടുതന്നെയെന്ന്‌ ചൊല്ലി കണ്ണിയിട്ടു ചേര്‍ത്തുവെന്നെ
പൂട്ടിയിട്ടതെന്തിനായ്‌ തുറക്കുകില്ലേ കണ്ടിടാം

പട്ടുടുത്തു പൊട്ടുകുത്തി ചേര്‍ത്ത്തിരുത്തി എന്നെയാ
വട്ടമിട്ടു മന്ത്രമോതും സ്വാമിമാര്‍തന്‍ ‍നടുവിലായ്‌
വിട്ടുപോകാന്‍ ആക്ഞ്ഞയോടെ പ്രഹരമേകി ആകുവോളം
ഒട്ടിനിന്നു പ്രേതബാധ വിട്ടതില്ല എന്നില്‍ ‍നിന്നും

ആട്ടുകട്ടില്‍ ‍തൂങ്ങി നില്‍ക്കും കണ്ണികള്‍തന്‍ ‍ആരവങ്ങള്‍
കേട്ട് കേട്ടുറങ്ങുമെന്നെ തൊട്ടുണര്‍ത്തീതെന്തിനാ
കൊട്ടിപ്പാടിയെത്ത്തും ഇടക്കയിന്‍ ‍സ്വരം കണക്കെ
പാട്ട് പാടിയാട്ടുമെന്നെ നിദ്രയാകും ദേവി തന്നെ

കൊട്ടുമാര്‍പ്പും കുരവയും മണ്ഡപത്തില്‍ ‍താലി കെട്ടു
കെട്ടുതാലി വീണുവെന്‍ ‍ദേവി തന്‍ കഴുത്ത്തിലന്നു
തട്ടിട്ട മുറിയില്‍നിന്ന് വിട പറഞ്ഞുയെന്‍ ‍പ്രിയ
കെട്ടഴിച്ച് വിട്ടുവെന്നെ ദുഃഖമോടെ മാതുലന്‍

പട്ടു മെത്തമേല്‍ ‍കിടന്ന സാധുവാമിയെന്‍ ഗതി
എട്ടുകാലി വലയില്‍ പെട്ട മിണ്ടാപ്രാണി പോലെയായി
ഒട്ടുമിക്ക നേരവും നിനവില്‍ ‍തെളിയും നിന്‍ ‍മുഖം
പൊട്ടുതൊട്ട നെറ്റിയില്‍ ഞാന്‍ ‍എകിടട്ടെ ചുംബനം

ഒട്ടനേകം വട്ടമെന്നെ ഭ്രാന്തനെന്നോതിയില്ലേ
കേട്ട് നിന്ന് സഹതപിച്ചു ദൂരെ നിന്ന് ദേവിയും
വിട്ടെറിഞ്ഞ്‌ പോയി എന്നെ ഏകനാക്കി ദേവിയെന്നാല്‍
ഒട്ടനേകം മംഗളങ്ങള് ‍എകിടട്ടെയെന്‍ മുറയ്ക്ക്
@@@@@@@

Read more...

Monday, 22 June 2009








വെളിച്ചപ്പാട് ഒരോര്‍മ്മ
ഏറും തിരക്കെന്നമ്മക്ക്
ആ ദിനങ്ങളില്‍ എല്ലാം
അതിന്‍ ഹേതുവെന്തെന്ന് അല്ലെ?
അന്നല്ലോ കൊമരന്‍ചിറ ഭഗവതി തന്‍
തിരു എഴുന്നെള്ളിപ്പ് പറയെടുപ്പിനായ്

ഒരുക്കി വെക്കും തിരിനൂലും നിലവിളക്ക്കും,
എണ്ണയും ആരിയും, നെല്ലും അരിമാവും,
പറയും ഇടങ്ങഴിയും ആവണിപ്പലകയും,
തൂശനിലയും പിന്നെ കാല്‍ കഴുകാനായ്‌
കിണ്ടിയില്‍ വെള്ളവും

ചെവിയോര്‍ക്കും ഒഴുകി വരും
ശംഖിന്‍ മുഴക്കവും വഴിക്കൊട്ടിന്‍ നാദവും
വരികയായ്‌ ഒരു പട തന്നെയവര്‍
തന്‍ കൈകളില്‍ ഏന്തും
കുത്ത് വിളക്കും, ശംഖും, ചെണ്ടയും,
കൊമ്പും, കുഴലും, ഇലത്താളവും, ചിലമ്പും,
പിന്നെ തോളത്തു ചുമന്ന പട്ടും
തമ്മില്‍ തമ്മില്‍ ഉരസി നാദങ്ങള്‍ ഉയര്‍ത്തും
മണികള്‍ തൂക്കിയോരരപ്പട്ടയും വാളും
കോമരത്തിനൊപ്പം ചുവടു വെക്കുവാനായ്‌
രണ്ടു ചെറു മക്കളും

തലമുടി മുകളില്‍ കെട്ടി വെച്ച്
മഞ്ഞള്‍ പ്രസാദം ചാര്‍ത്തിയ നെറ്റി തന്‍
നടുവിലായ്‌ ഒരു കുങ്കുമക്കുറിയും തൊട്ടു
ആരെയും അറിയാം എന്നുള്ള
ഒരു ചിരിയും ചിരിച്ചു
ആലസ്യമോടെ എന്നാല്‍ അതിവേഗവും
നടന്നടുക്കും അതിന്‍ പിറകിലായ്‌
ഐശ്വര്യം ഏറെയുള്ള വെളിച്ചപ്പാടും

വന്നവരില്‍ ഒരാള്‍ അണിയും
തന്‍ കരവിരുതിനാല്‍ അരിമാവ് കൊണ്ടൊരു
ചിത്രപ്പണി തന്നെയെന്‍ പൂമുഖ നടുവിലായ്‌

തെളിയും മെല്ലെ മെല്ലെ
വെണ്മയില്‍ പൊതിഞ്ഞൊരു
താമരയും, ഓംകാരവും, ശംഖും, ചക്രവുമെല്ലാം
വെക്കും അതിന്‍ നടുവിലായ്‌ ആവണിപ്പലകയും
തൂശനിലയും ഒരൊഴിഞ്ഞ പറയും

വെക്കും അതില്‍ നിറക്കാനായ് നെല്ല്
ഒരു കോരുകൊട്ട നിറയെ തന്നെ
കൂട്ടത്തില്‍ കാണാം നിറയിടങ്ങഴി അരിയും
പിന്നെ വെക്കും നിലവിളക്ക് ഏഴു തിരിയാല്‍
ഭഗവതിയെ ധ്യാനിച്ചു തന്നെ

ചെണ്ട തന്‍ ഭാരമെന്നു തോന്നുമാറ്
മുന്നിലേക്ക് ചാഞ്ഞു നില്‍ക്കുമാ കൊട്ടുകാര്‍ തന്‍
ഇരുകോല്‍ തക്രിത മേളത്തിനും
വളഞ്ഞും നിവര്‍ന്നും നിന്ന് ഊതുമാ
കുഴലിലെ ഈണത്തിനും
താളമിടുന്നതോ പിന്‍ നിരയിലെ
ഒറ്റ വീശുകരും ഇലത്താളവും കൊമ്പും തന്നെ
അതിനായ്‌ നിരക്കും
ഇരു നിരയായ്‌ മേളക്കാര്‍
കുത്തുവിളക്കിന്‍ അടുത്ത് തന്നെ

മേളം മുറുകും നേരം കാണാം പുറമേ
കാലും മുഖവും ശുധ്ധിയാക്കുമാ
കോമരത്ത്തിന്‍ പുറപ്പാടുകള്‍

പിന്നില്‍ ഒരു മുഴയോട് കൂടി
തറ്റുടുക്കുമൊരു വെള്ളപ്പുടവയതിന്‍ മുകളില്‍
ഭംഗിയായ്‌ വിടര്‍ത്തിയ ചുവന്ന പട്ടും
അതിന്‍ മുകളിലായ്‌ ഒരു ചാണ്‍ വീതിയില്‍
ചുറ്റും നെഞ്ച് വരെ ചുവന്ന പുടവയാല്‍

പിന്നെ അണിയും ഒറ്റ വീശാലെടുത്ത്
ഭാരം ഏറും സ്വര്‍ണ്ണ നിറത്തിന്‍
പിച്ചള മണികള്‍ തൂക്കിയോരരപ്പട്ടയും
ഏന്തും കൈയ്യില്‍വാളും ചിലമ്പും

ഉമ്മറപ്പടി തന്‍ വെളിയില്‍
തട്ടും കാലിലെ പൊടികള്‍ എല്ലാം
തൊട്ടു വന്നിക്കും ആദ്യം ഭൂമിദേവിയെ
പിന്നെ വന്നു നില്‍ക്കും പറക്കു മുന്നില്‍

അവര്‍ണ്ണനീയമാം ആ വെളിച്ചപ്പാടിന്‍
തേജസ്സിന് മുന്നില്‍
കൈ കൂപ്പാത്തവര്‍ ഇല്ലയെന്‍ നാട്ടില്‍

മേളത്തിന്‍ ഒരു ഭാഗം തീര്‍ന്നതും
ചൊല്ലും അമ്മയോട് പറ നിറക്കുവാനായ്‌

താഴെയിറക്കും ചെണ്ടയെല്ലാം പിന്നെ
കൈയ്യാല്‍ ഏകിടും ചെറു താളം
കൂടെ ഈണത്തില്‍ പാടും മാരാരിന്‍
പാട്ടിന്‍ ഈണമായ്‌

കാണാം കാല്‍പാദം തൊട്ടു തല വരെ
ഒരു വിറയലാല്‍ തുടങ്ങുമാ തുള്ളലിന്‍ ഭംഗി
ഒപ്പം പിച്ചളമണികള്‍ തന്‍ സ്വരങ്ങളും

മൂര്‍ധന്യത്തില്‍ എത്തി എടുത്തു ചാടുമാ
വെളിച്ചപ്പാടിന്‍ നൃത്തത്തിന് കൂട്ടിനായ്‌
ചുവടു വെക്കുന്നതോ
പൂക്കുലകള്‍ ഏന്തിയ രണ്ടു ബാലകന്മാരും

പിന്നെ മുഴക്കുമോരാരവം തന്നെ അതോടെ
കൊടുക്കുമാ തൃക്കയ്യില്‍ അനുഗ്രഹിച്ചു
എറിയാനായ് അരിയും നെല്ലും തുളസിപ്പൂവും
പിന്നെ സമയമായ്‌ കല്പ്പനക്ക്
ചൊല്ലും കല്പ്പനയത് കേട്ട് സംതൃപ്തിയടയും
എന്നമ്മ തന്‍ മനസ്സിനും

വെക്കും വെളിച്ചപ്പാടിന്‍ വാളിന്‍
തുമ്പത്തെല്ലാവരും ചില്ലറയാം ദക്ഷിണയും
ഏറ്റു വാങ്ങും വാളാ കയ്യില്‍ നിന്നും
ദേവിയെ മനസ്സില്‍ സ്മരിച്ചു കൊണ്ട്

മുഴക്കും വലിയോരാരവം തന്നെ
ചിലമ്പ് നിറപറയില്‍ വെച്ച്
പതുക്കെ പതുക്കെ നിലക്കുമാ തുള്ളല്‍ പ്രക്രിയ
അതോടെ യവസാനിക്കുമാ ദേവീദര്‍ശനം
എല്ലാര്ക്കും അനുഗ്രഹം ഏകിക്കൊണ്ട്..

@@@@@@@

Read more...

Sunday, 21 June 2009

ആശിച്ച ആശകള്‍

അന്ത്യശ്വാസമടുത്തു എന്റെ അമ്മക്ക്
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അമ്മക്കൊരു ശ്വാസമായ്‌ തീരുവാനായ്‌

പുക തുമ്മും വിറകിന്‍ അടിയിലാണ് എന്നമ്മ
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അതിലൊരു വിറകായ്‌ ഉരുകുവാനായ്‌

അഗ്നിജ്വാലകള്‍ എന്നമ്മയെ പൊതിയുന്നു
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അതിലൊരു നാളമായ്‌ എരിയുവാനായ്

വെണ്ണീറും അസ്ഥിയുമായ്‌ തീര്‍ന്നു എന്നമ്മ
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അസ്ഥിയേന്തും മണ്‍കുടമാകുവാനായ്‌

അമ്മ തന്നസ്തി ഉണ്ടൊഴുക്കിയ മണ്‍കുടത്തില്‍
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
ഒഴുകുമാ ജലനിരപ്പാകുവാനായ്‌

വിട്ടു പോയ്‌ എന്നമ്മ എന്നേക്കുമായ്
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അമ്മ തന്നമ്മയായ് തീരുവാനായ്

എത്തും എന്ടമ്മ അച്ഛന്ടെ അരികിലേക്ക്
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
വിട്ടുപോയെന്‍ അച്ഛനെ കാണുവാനായ്

ദേവീ നാമം ജപിച്ച എന്നമ്മയെ ദേവി വിളിക്കും
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
ദേവീ സാമിപ്യത്തില്‍ കാണുവാനായ്

അന്ത്യമായ്‌ ഒരിറ്റു തുളസീ നീര്‍ ഏകിയില്ല
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
സ്വര്‍ഗ്ഗവാതില്‍ തുറന്നു അതേകുവനായ്
@@@@@@@

Read more...